ക്ഷേത്രങ്ങള്‍ എന്തിനുവേണ്ടി?

Temples and spirituality , Meaning of temples. ക്ഷേത്രം, അത് ദേവസ്ഥാനമായോ പ്രാര്‍ഥനയ്ക്കുള്ള ഇടമായോ അല്ല നിര്‍മിച്ചിരുന്നത്. എല്ലാവര്‍ക്കും പോയിയിരുന്ന് അവിടെ നിന്നുത്ഭവിക്കുന്ന ചൈതന്യം പ്രയോജനപ്പെടുത്താവുന്ന ഒരു ഊര്‍ജകേന്ദ്രമായാണ് ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നത്.

ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ദൈവങ്ങള്‍ക്കു പാര്‍ക്കാനുളള ഇടങ്ങളല്ല, സമൂഹപ്രാര്‍ത്ഥനയ്ക്കുളള സ്ഥലവുമല്ല. അവ നിര്‍മ്മിക്കപ്പെട്ടിട്ടുളളത് അതി ശക്തമായ ഊര്‍ജകേന്ദ്രങ്ങളായിട്ടാണ്. ആര്‍ക്കും അവിടെ പോകാം, ആ ചൈതന്യത്തിന്റെ പങ്കുപറ്റാം.

ക്ഷേത്രനിര്‍മ്മാണം ഭാരതത്തിന്റെ ഗഹനമായൊരു ശാസ്ത്രമാണ്. ആരാധനക്കായല്ല അവ നിര്‍മിക്കപ്പെട്ടത്. ക്ഷേത്രം എന്നു പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നത് പുരാതനക്ഷേത്രങ്ങളെയാണ്. ആധുനികക്ഷേത്രങ്ങള്‍ മിക്കതും വ്യാപാര സമുച്ചയങ്ങള്‍ (ഷോപ്പിംഗ് കോംപ്ലക്‌സുകള്‍) പോലെ പണിതവയാണ്, അവയുടെ ഉദ്ദേശവും അതുതന്നെയാവാം.

ക്ഷേത്രനിര്‍മാണ ശാസ്ത്രത്തില്‍ ഓരോന്നിനും അതിന്റേതായ വിധികളുണ്ട്. ആ വിധിപ്രകാരമായിരിക്കണം അതിന്റെ നിര്‍മ്മാണം. വിഗ്രഹത്തിന്റെ രൂപം, വലിപ്പം, മുദ്ര, ഗര്‍ഭഗൃഹം, പ്രദക്ഷിണ പാത അങ്ങനെ ഓരോന്നിനും അതിന്റേതായ ശാസ്ത്രവിധികളുണ്ട്.

വിഗ്രഹത്തിനു ചൈതന്യം പകരുന്നത് പ്രത്യേക അനുഷ്ഠാനങ്ങളിലൂടെ, പ്രത്യേക മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്. അതെല്ലാം അനുസരിച്ച് വേണ്ടതുപോലെ നിര്‍മിക്കപ്പെട്ട ക്ഷേത്രവും അതിലെ പ്രതിഷ്ഠയും ആ പ്രദേശത്തിനു മുഴുവനുംതന്നെ ശക്തിയുടെ പ്രഭാവ കേന്ദ്രമായി ഭവിക്കുന്നു.

ക്ഷേത്രത്തില്‍ പോകണം, പൂജാദികര്‍മങ്ങളില്‍ പങ്കുകൊള്ളണം, വഴിപാടുകള്‍ നടത്തണം, തന്റെ ആഗ്രഹങ്ങള്‍ നടത്തിത്തരാനായി ഭഗവാനോട് ആവശ്യപ്പെടണം… ഇതൊന്നും ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാഗമേയല്ല. ഈ ശീലങ്ങളെല്ലാം പിന്നീട് എപ്പോഴോ എങ്ങനെയോ കടന്നു കൂടിയിട്ടുളളതാണ്.

പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത് ക്ഷേത്രത്തില്‍ പോയി അവിടെ കുറച്ചു നേരമെങ്കിലും ഇരിക്കണം എന്നാണ്. എന്നാല്‍ ഇക്കാലത്ത് അങ്ങനെ ഇരിക്കാനൊന്നും ആര്‍ക്കും സമയമില്ല. ‘തൊഴുത് ഓടിപ്പോരുക’, എന്തോ ഒരു വഴിപാട് കഴിക്കുന്നത് പോലെ പൃഷ്ഠമൊന്നിരിപ്പിടത്തില്‍ മുട്ടിച്ച് ധൃതി പിടിച്ചു പുറത്തേക്കിറങ്ങുക എന്നതായിരിക്കുന്നു പതിവ്.

ദിവസവും രാവിലെ ലോകവ്യാപാരങ്ങളിലേക്കു കടക്കുംമുമ്പേ കുറച്ചുനേരം അമ്പലത്തില്‍ ചിലവഴിക്കുക എന്നത് എല്ലാവരും ശീലമാക്കേണ്ടതാണ്. നമുക്കാവശ്യമായ, തെളിവാര്‍ന്ന ഊര്‍ജം അവിടെനിന്നു ലഭ്യമാക്കാനാകും. അങ്ങനെ പുതുതായൊരു ഉണര്‍വോടെ, ഉത്സാഹത്തോടെ ആ ദിവസത്തെ അഭിമുഖീകരിക്കാനും സാധിക്കും.

എന്തിനുവേണ്ടിയാണ് ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്?

തനിക്ക് ഉള്‍ക്കൊള്ളാനും, ഇടപഴകാനും സാധിക്കുന്നതു മാത്രമാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉണ്മ (സത്യം). ഇതവന്റെ സഹജ പ്രകൃതിയാണ്. ഇപ്പോള്‍ നമ്മള്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം പഞ്ചേന്ദ്രിയങ്ങളില്‍ കൂടി നമ്മളില്‍ എത്തിച്ചേരുന്ന വിഷയങ്ങള്‍ മാത്രമാണ്, മറ്റൊന്നും നമ്മള്‍ അറിയുന്നില്ല. അതുകൊണ്ട് ഇന്ദ്രിയങ്ങള്‍ക്കു വിഷയമായിട്ടുള്ള സംഗതികള്‍ മാത്രമാണ് നമ്മളെ സംബന്ധിച്ചടത്തോളം സത്യം.

ഭൗതികമായ വിഷയങ്ങള്‍ ഗ്രഹിക്കാന്‍ മാത്രമേ ഇന്ദ്രിയങ്ങള്‍ക്കു കഴിവുള്ളു. ആ കഴിവ് പോലും വളരെ പരിമിതമാണ്. ഭൗതികമായ ഏതാനും അറിവുകള്‍ മാത്രമേ ഇന്ദ്രിയങ്ങളിലൂടെ നമ്മള്‍ സ്വന്തമാക്കുന്നുള്ളൂ ശരീരവും, ബുദ്ധിയും, മനസ്സും, നമ്മളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രാണശക്തിയുമെല്ലാം തികച്ചും ഭൗതികമായിട്ടുള്ളതാണ്.

മുകളിലേക്കു നോക്കുമ്പോള്‍ കാണുന്നത് അനന്തമായ ശൂന്യതയാണ്. എന്നാല്‍ അതിലും നിങ്ങള്‍ കാണുന്നത് ഭൗതികമായ വസ്തുക്കള്‍ മാത്രമാണ് നക്ഷത്രങ്ങളേയും, മേഘങ്ങളെയും, സൂര്യചന്ദ്രന്‍മാരേയും. അവയ്ക്കപ്പുറമൊന്നും കാണുന്നില്ല. ആ ശൂന്യതയെ നിങ്ങള്‍ കാണുന്നില്ല, അറിയുന്നില്ല. ഭൗതികതക്കപ്പുറം ഒന്നുംതന്നെ നിങ്ങള്‍ കാണുന്നില്ല, അറിയുന്നില്ല. അതല്ലേ വാസ്തവം?

ജീവിതത്തെ ഒരു തുണ്ടു തുണിയായി കരുതാം, തുണി ഭൗതികമാണ്. ക്ഷേത്രം എന്നാല്‍, ആ തുണ്ടു തുണിയില്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു ദ്വാരം പോലെയാണ്. അവിടെ നമ്മള്‍ ഒരു ഇടം ഒരുക്കുന്നു. അവിടെ ഭൗതികത മെല്ലെ മെല്ലെ അലിഞ്ഞില്ലാതാകുന്നു.

അതിനപ്പുറത്തുള്ളത് ക്രമേണ നമ്മുടെ കാഴ്ചയ്ക്ക് വിധേയമാകുന്നു. ഭൗതീകതയുടെ സ്വാധീനം അങ്ങേയറ്റം കുറച്ചുകൊണ്ടുവരിക, അതൊരു ശാസ്ത്രമാണ്. അതുതന്നെയാണ് ക്ഷേത്രങ്ങളുടേയും പ്രതിഷ്ഠകളുടേയും പിന്നിലുള്ള ശാസ്ത്രം.

നാം ആഗ്രഹിക്കുന്നുവെങ്കില്‍, കണ്‍മുമ്പിലുള്ള ഈ ലോകത്തിനപ്പുറത്തേക്കു പ്രവേശിക്കാന്‍ നമുക്കു സാധിക്കും മുമ്പേ പറഞ്ഞ ആ ദ്വാരത്തിലൂടെ. ക്ഷേത്രം ആ ദ്വാരമാണ്, ഒരു കിളിവാതിലാണ്. അപ്പുറത്തെ കാഴ്ചകള്‍ കാണാം, വേണമെങ്കില്‍ ആ ദ്വാരത്തിലൂടെ അതിനപ്പുറത്തേക്ക് ചെന്നു വീഴുകയുമാകാം.

പ്രാചീനകാലത്ത് എല്ലാ ക്ഷേത്രങ്ങളിലും ശിവനെ മാത്രമാണ് പ്രതിഷ്ഠിച്ചിരുന്നത്. വേറൊരു ദേവനുമുണ്ടായിരുന്നില്ല. വളരെ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് മറ്റു ദേവതാപ്രതിഷ്ഠകള്‍ പ്രചാരത്തില്‍ വന്നത്. അപ്പോഴത്തേക്കും ജനങ്ങളുടെ ശ്രദ്ധ പെട്ടെന്നുള്ള ഫലസിദ്ധിയിലേക്കു തിരിയാന്‍ തുടങ്ങിയിരുന്നു.

പൂര്‍വികരില്‍നിന്നും നേടിയ ക്ഷേത്രനിര്‍മാണവിദ്യ പ്രയോജനപ്പെടുത്തി അവര്‍ പുതിയ പ്രതിഷ്ഠകള്‍ നടത്തി. അതിലൂടെ അവര്‍ ആരോഗ്യവും, ഐശ്വര്യവും, സുഖസന്തോഷാദികളും നേടി. അവര്‍ പല തരത്തിലുള്ള ഊര്‍ജങ്ങള്‍ സൃഷ്ടിച്ചു,

പലതരത്തിലുള്ള ദേവതകളെ പ്രതിഷ്ഠിച്ച് ആരാധിച്ചു. ധനമാണ് വേണ്ടത് എങ്കില്‍ പ്രത്യേക രീതിയിലുള്ള പ്രതിഷ്ഠ, ഭയമുക്തിയാണ് ലക്ഷ്യമെങ്കില്‍ വ്യത്യസ്തമായ മറ്റൊരു പ്രതിഷ്ഠ, അങ്ങനെ അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ സഫലമാക്കി. ഫലപ്രാപ്തിക്കായി ഈ ദേവതകള്‍ അവരെ സഹായിച്ചു.

എഡി 1100 നും 1200നും ഇടയ്ക്കാണ് ഈ തരത്തിലുള്ള ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്. അതിനുമുമ്പ് ശിവാരാധനക്കല്ലാതെയുള്ള ഒരൊറ്റ ക്ഷേത്രവും ഇവിടെ നിര്‍മിക്കപ്പെട്ടിരുന്നില്ല.

ശിവ എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം, ‘ഇല്ലാത്തത്’ എന്നാണ്. അതുകൊണ്ട് ‘ഇല്ലാത്ത’ ഒന്നിനുവേണ്ടിയാണ് ഓരോ ക്ഷേത്രവും നിര്‍മിക്കപ്പെട്ടത് എന്നു പറയാം. ഭൗതികമായി പ്രകടമാവാത്തത് എന്നാണ് ധരിക്കേണ്ടത്. അതിനെയാണ് ‘ശിവാ – ഇല്ലാത്തത്’ എന്ന് വിവക്ഷിച്ചിരിക്കുന്നത്.

ഒന്നുംകൂടി കടന്നു ചിന്തിച്ചാല്‍ എല്ലാ ഭൗതികതകള്‍ക്കും, ഈ ഭൗതീക പ്രപഞ്ചത്തിനു മുഴുവനും അപ്പുറത്തുള്ളത് എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് നേരത്തേ പറഞ്ഞത് ഒന്നുമില്ലായ്മയിലേക്കു കടന്നുചെല്ലാനും അത് അനുഭവിക്കാനും വഴിതരുന്ന ഒരു കിളിവാതിലാണ്, ദ്വാരമാണ് ഓരോ ക്ഷേത്രവും…

വിഗ്രഹാരാധന എന്തിനു വേണ്ടി? അതില്‍ ഈശ്വരനെ ആവാഹിച്ചിട്ടുണ്ടോ?

വളരെ വിപുലമായ രീതിയില്‍ വിഗ്രഹനിര്‍മാണം നടത്തുന്ന ഒരിടമാണ് ഭാരതം. മറ്റു പല സംസ്‌കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്.

അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്ത്രീയമായി സൃഷ്ടിച്ച ശക്തമായ ഊര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു, അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. അതു തന്നെയാണ് ഈശ്വരന്‍ എന്ന പൂര്‍ണമായ ബോധ്യം ആളുകള്‍ക്കുണ്ട്.

ആധുനിക ശാസ്ത്രത്തിന്റെ ചുവടുപിടിച്ചു നോക്കിയാല്‍ നമുക്കറിയാം, എല്ലാം ഒരേ ഊര്‍ജത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്ന്. പക്ഷേ ലോകത്തിന്റെ കണ്ണില്‍ നിന്നും നോക്കുമ്പോള്‍ എല്ലാം ഒന്നല്ല, വേറെ, വേറെയാണ്. ഇതേ ഊര്‍ജത്തിനു മൃഗമായും, കല്ലായും, മരമായും, നിങ്ങളില്‍ ഉപവസിക്കുന്ന ദൈവമായും പ്രവര്‍ത്തിക്കാം.

‘ദൈവം’ എന്നു പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നതു നിങ്ങളുടെ തന്നെ ശരീരത്തെയാണ്, നിങ്ങള്‍ എന്ന സത്തയെ അല്ലെങ്കില്‍ അസ്തിത്വത്തെയല്ല. നാം നമ്മുടെ തന്നെ അവയവ വ്യവസ്ഥകളെ ഒരു പ്രത്യേകതരത്തില്‍ വീക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഈ ഭൌതിക ശരീരത്തെ തന്നെ ഒരു ദൈവമാക്കി മാറ്റാം.

പൗര്‍ണമിക്കും അമാവാസിക്കും ഇടയ്ക്കുള്ള പതിനാലു രാത്രികളില്‍ ഓരോന്നും വ്യത്യസ്തമാണ്. ഇന്നു നമ്മള്‍ വൈദ്യുതിയുടെ പ്രകാശത്തില്‍ ജീവിക്കുന്നതുകൊണ്ട് വ്യത്യാസം അറിയുന്നില്ല. വൈദ്യുതിയില്ലാത്ത ഒരു കൃഷിസ്ഥലത്തോ വനത്തിലോ ആണ് താമസിച്ചിരുന്നതെങ്കില്‍ ഓരോ രാത്രിയും വ്യത്യസ്ഥമായി കണ്ടിരുന്നേനെ.

കാരണം ചന്ദ്രനുദിക്കുന്നത് പലസമയങ്ങളില്‍, പല രൂപത്തിലും, ആകൃതിയിലുമാണ്. എന്നാല്‍ അതെല്ലാം ഒരേ ചന്ദ്രന്‍ തന്നെ, ചന്ദ്രനു പലേ സമയത്തും പലേ പ്രഭാവങ്ങളാണ്. ക്രമീകരണത്തിലെ ഒരു ചെറിയമാറ്റം, എന്തു വലിയ വ്യത്യാസമാണ് വരുത്തുന്നതെന്നു നോക്കൂ!

അതുപോലെ ശരീരത്തിലെ ഊര്‍ജവ്യവസ്ഥയില്‍ ഒരു ചെറിയ പുനഃക്രമീകരണം നടത്തിയാല്‍, വെറും ഒരു മാംസപിണ്ഡമായ ഈ ശരീരത്തെ ഒരു ദൈവികരൂപമായി മാറ്റാം. യോഗയുടെ മുഴുവന്‍ സിദ്ധാന്തവും ഇതിനെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുകയും, പരിശീലിക്കുകയും ചെയ്താല്‍, ഈ ശരീരം സ്വയപരിപാലനത്തിനും സന്താനോല്പാദനത്തിനും വേണ്ടി മാത്രമുള്ള ഒന്നല്ല എന്നുള്ളതും, അതിനു പൂര്‍ണമായും മഹത്തായ എന്തോ ഒന്നായി മാറാനുള്ള കഴിവുണ്ട് എന്നുള്ളതും ക്രമേണ നിങ്ങള്‍ക്കു മനസ്സിലാകും.

അത് വെറുമൊരു ഭൗതികരൂപം മാത്രമല്ല. ഭൗതികമാണെങ്കിലും, ജീവശാസ്ത്രപരമാണെങ്കിലും അത് ഭൗതികതയിലൊതുങ്ങി നില്ക്കണമെന്നില്ല. അതിനു പൂര്‍ണമായും മറ്റൊരു തലത്തില്‍ പ്രവര്‍ത്തിക്കാനും കൃത്യനിര്‍വഹണം നടത്താനും കഴിയും.

ഈ പശ്ചാത്തലത്തിലാണ് പല യോഗികളും അവരുടെ ശരീരത്തെ ഒരു പ്രത്യേകതരത്തില്‍ ക്രമീകരിച്ചിട്ട് അതിനെ ആരാധിക്കാനനുവദിച്ചിരുന്നത്. അവര്‍ ആ ശരീരത്തിലുണ്ടാവില്ല. അതൊരു ദൈവിക അസ്തിത്വമായി മാറിയിയിട്ടുണ്ടാവും. അതു ദൈവികത നിറഞ്ഞ ഊര്‍ജമായിത്തീര്‍ന്നിട്ടുണ്ടാവും. പുന:ക്രമീകരിച്ച ഊര്‍ജം, പൂര്‍ണമായും ചിട്ടപ്പെടുത്തിയത്!

അതേ പോലെ, ഒരു നിശ്ചിതരൂപം ഒരു പ്രത്യേക വസ്തുകൊണ്ടു നിര്‍മിച്ച് നിര്‍ദ്ദിഷ്ട രീതിയില്‍ ചൈതന്യവത്താക്കുന്നതാണ് ബിംബനിര്‍മാണം. ഇതിന് ഒരു സമഗ്രശാസ്ത്രം തന്നെയുണ്ട്. ഈ ചൈതന്യത്തെയാണ് നിങ്ങള്‍ വന്ദിക്കുന്നത്, അതിനെ ഈശ്വരനായിക്കാണാം, അത്യഭൂതമായ തേജസ്സായിക്കാണാം.

വിഭിന്നതരത്തിലുള്ള ബിംബങ്ങളെ വ്യത്യസ്തരീതികളിലാണ് നിര്‍മ്മിക്കുന്നത്. ചക്രങ്ങളെ ചില പ്രത്യേക സ്ഥാനങ്ങളിലേക്കു പുനഃക്രമീകരിച്ച്, പൂര്‍ണമായും വ്യത്യസ്തമായ സാധ്യതകളുണ്ടാക്കുന്നു. ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ ഊര്‍ജത്തെ പ്രത്യേകതരത്തില്‍ വിന്യസിപ്പിക്കാനുള്ള ഒരു ശാസ്ത്രമാണ് ബിംബനിര്‍മാണം.

ഹിന്ദു ജീവിതരീതിയിലേത് എന്നു പറയാവുന്ന ഒരു പ്രത്യേക വിശ്വാസപ്രമാണമോ, ദൈവമോ, തത്വസംഹിതയോ ഒന്നുമില്ല. ഒരു ഹിന്ദു ജീവിത്തില്‍ ഏറ്റവും വില കല്പിക്കുന്നത് മോചനത്തിനാണ്… ജീവന്മുക്തിയാണ് അവന്റെ ഏക ലക്ഷ്യം!

Sundaresan A R @ 94468 22615

Leave a Reply

Your email address will not be published. Required fields are marked *