കൊവിഡിനെ സ്വയം പ്രതിരോധിക്കാൻ…

ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം

  • അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക
  • വ്യക്തികൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, വൈറസ് ബാധ തടയാൻ മുഖാവരണം ഉപയോഗിക്കുക
  • കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക
  • കൈകൾ അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക
  • സാമൂഹികമാദ്ധ്യമങ്ങളിലെ സന്ദേശങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് അവയുടെ സ്രോതസ്സ് ഉറപ്പുവരുത്തുക

പത്ര, ടെലിവിഷൻ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലെല്ലാം കൊവിഡിനെ കുറിച്ചുള്ള വാർത്തകളേയുള്ളു. കൊറോണ ബാധിക്കുമോ എന്ന ആശങ്ക നമ്മുടെയുള്ളിൽ കടന്നുകൂടുക സ്വാഭാവികമാണ്. പോരാത്തതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ അടച്ചുമൂടി ജീവിക്കുമ്പോഴുണ്ടാകുന്ന വിരസതയും…ചുരുക്കം പറഞ്ഞാൽ ഈ കൊറോണ കാലം ഒരു ശരാശരി മനുഷ്യന് മാനസിക പിരിമുറുക്കങ്ങളുടെ സമയം കൂടിയാണ്.  എന്നാൽ കൊവിഡിനെ സ്വയം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്.

അമിത ഉത്കൺഠ ആപത്ത്

അമിത ഉത്കൺഠ അസുഖങ്ങളെ ക്ഷണിച്ച് വരുത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമിതമായി ഉത്കണ്ഠപ്പെട്ടാൽ ശരീരത്തിൽ അനാവശ്യമായി ഹോർമോണുകളുടെ തോത് വർധിക്കുകയും രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും ചെയ്യും.

അമിത ആത്മവിശ്വാസം അരുത്

അമിതമായി ഉത്കണ്ഠപ്പെടുന്നവരാണ് ഒരു വശത്തെങ്കിൽ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരാണ് മറ്റൊരു വശത്ത്. കൊറോണ തനിക്കേൽക്കില്ല എന്ന ചിന്ത കടന്നുകൂടിയ ഇത്തരക്കാർ മുൻകരുതലുകളെടുക്കുന്നതിൽ വീഴ്ച വരുത്തും. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ വില കൽപ്പിക്കാത്ത ഇത്തരം പ്രവണതകൾ ആപത്ത് വിളിച്ചുവരുത്തും.

മരുന്നുകൾ കൃത്യമായി കഴിക്കണം

പ്രമേഹം, രക്ത സമർദം തുടങ്ങി ദിവസേന മരുന്ന് കഴിക്കേണ്ട രോഗികൾ കൃത്യ സമയത്ത് തന്നെ മരുന്നുകൾ കഴിക്കണം. വേണ്ട മരുന്നുകൾ കയിലുണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ സമയത്ത് ആശുപത്രിയിൽ പോകാൻ മടിച്ച് സ്വയം ചികിത്സിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. രക്ത സമർദം, പ്രമേഹം എന്നിവയുള്ളവർ പഞ്ചസാരയുടെ അളവ്, രക്ത സമർദം എന്നിവ വീട്ടിൽ തന്നെയിരുന്ന് കൃത്യമായി നിരീക്ഷിക്കണം.

വ്യക്തി ശുചിത്വം നിർബന്ധം

വ്യക്തി ശുചിത്വം പാലിക്കുക വഴിയേ കൊറോണ വൈറസിനെ ചെറുക്കാൻ സാധിക്കുകയുള്ളു. രണ്ട് മണിക്കൂർ കൂടുമ്പോൾ കൈകൾ നന്നായി വൃത്തിയാക്കണം. സോപ്പും വെള്ളവും ഉപയോഗിച്ചോ 60 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കാം.

പ്രതിരോധ ശേഷി വർധിപ്പിക്കാം

*രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ എളുപ്പമാണ്. നല്ല ഉറക്കം ഉറപ്പാക്കിയാൽ പ്രതിരോധ ശേഷി വർധിപ്പിക്കാം. ഒരു വ്യക്തി കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

*വീട്ടിൽ അടച്ചിരിക്കുമ്പോഴുള്ള വിരസത ദേഷ്യത്തിലേക്ക് വഴിമാറാം. ഇത് രോഗപ്രതിരോധ ശേഷിയെ ബാധിച്ചേക്കാം.

*വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച്, മാങ്ങ, നാരങ്ങ പോലുള്ള ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

രോഗ ലക്ഷണങ്ങളുള്ളവർ അകന്ന് നിൽക്കുക

പനി, ചുമ, തമ്മൽ, ജലദോഷം പോലുള്ള രോഗ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരിൽ നിന്ന് അകന്നുമാറി ജീവിക്കുക. വീട്ടിൽ ആണെങ്കിൽ സ്വന്തം മുറിയിൽ തന്നെ കഴിയുകയാകും ഉത്തമം. വീട്ടിലെ മറ്റ് അംഗങ്ങളുമായുള്ള സമ്പർക്കം കുറച്ച് രോഗം പടരുന്നത് തടയാം. ലക്ഷണങ്ങൾ മൂർച്ഛിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ആവശ്യമെങ്കിൽ ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടാം.

വിവരങ്ങൾക്ക് കടപ്പാട് : ഡോ.ജ്യോതിദേവ് കേശവദേവ് & News 24

Leave a Reply

Your email address will not be published. Required fields are marked *