പെരുന്തച്ചൻ ഉളി ഉപേക്ഷിച്ച ക്ഷേത്രം

കേരളത്തിലെ ആദ്യ ക്ഷേത്രമാണെന്നാണ് വിശ്വാസം

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം.

പട്ടാമ്പി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. പന്തിരുകുലത്തിലെ പെരുന്തച്ചനുമായി ബന്ധപ്പെട്ടൊരു അത്ഭുതകഥ പറയാനുണ്ട് ഈ അമ്പലത്തിന്.

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ അലഞ്ഞുനടക്കുന്ന കാലത്താണു വരാഹമൂർത്തി ക്ഷേത്രത്തിനു സമീപത്തെ ആൽത്തറയിലെത്തുന്നത്. ശ്രീകോവിലിന്റെ മേൽക്കൂര പണിയുന്ന സമയമായിരുന്നു അത്. ആൽത്തറയിൽ വിശ്രമിച്ച പെരുന്തച്ചനെ മറ്റു തച്ചന്മാർ തിരിച്ചറിഞ്ഞില്ല. ഇതിൽ വിഷമിച്ച പെരുന്തച്ചൻ മറ്റു തച്ചന്മാർ ഭക്ഷണം കഴിക്കാൻ പോയ നേരം നോക്കി മേൽക്കൂരയുടെ കഴുക്കോലുകളുടെ അളവു മാറ്റി വരച്ചു. ആശാരിമാർ തിരികെയെത്തി പെരുന്തച്ചൻ വരച്ച അളവുകളിൽ തുളച്ചു മേൽക്കൂര കൂട്ടാൻ ശ്രമിച്ചു. പക്ഷേ, ആ കണക്കിൽ മേൽക്കൂര യോജിച്ചില്ല. അമ്പലത്തിന്റെ മേൽക്കൂര യോജിക്കാതിരുന്നാലുള്ള ശാപത്തിന്റെ പേടിയുമായി തച്ചന്മാർ തിരികെ വീടുകളിലേക്കു മടങ്ങി. അന്നു രാത്രിയിൽ അമ്പലത്തിൽ നിന്നു വലിയൊരു ശബ്ദം കേട്ട് ആശാരിമാർ തിരികെയെത്തി. തനിക്കു മാത്രം അറിയാവുന്ന കണക്കുകൊണ്ടു പെരുന്തച്ചൻ മേൽക്കൂര യോജിപ്പിക്കുന്നതാണ് അപ്പോൾ കണ്ടത്. ആളെ മനസ്സിലാകാത്തതിൽ തച്ചന്മാർ മാപ്പിരന്നു.

പെരുന്തച്ചൻ അമ്പലം പൂർത്തിയാക്കിയെന്നും തങ്ങൾക്കിവിടെ ഇനി ജോലിയില്ലെന്നും തച്ചന്മാർ സങ്കടം പറഞ്ഞു. അമ്പലത്തിലെ പണി അവസാനിക്കില്ലെന്നറിയിച്ച് ഉളിയും മുഴക്കോലും ക്ഷേത്രത്തിൽ ഉപേക്ഷിച്ചു പെരുന്തച്ചൻ അവരെ അനുഗ്രഹിച്ചു. 5 ഏക്കറിലധികമുള്ള അമ്പലത്തിൽ ഇന്നും തച്ചന്മാർക്കു പണിയുണ്ടാവുമെന്നാണു വിശ്വാസം. പെരുന്തച്ചൻ ഉപേക്ഷിച്ച മുഴക്കോൽ അമ്പലത്തിൽ കരിങ്കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. ഇന്നും മുഴക്കോൽ നിർമിക്കാനുള്ള അളവെടുപ്പിനായി ആശാരിമാർ അമ്പലത്തിലേക്കെത്തുന്നു.

ആദ്യക്ഷേത്രം

കേരളത്തിലെ ആദ്യ ക്ഷേത്രമാണു പന്നിയൂർ വരാഹ മൂർത്തിയുടേതെന്നാണു വിശ്വാസം. മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രമാണിത്. ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെയാണു പ്രതിഷ്ഠ. ഷേത്രത്തിലെ എല്ലാ ദേവന്മാർക്കും തുല്യ പ്രാധാന്യം കൽപ്പിക്കുന്നു. 9 ക്ഷേത്രങ്ങളുടെ സമുച്ചയമായാണു പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം നിലകൊള്ളുന്നത്.

from social media writing

Leave a Reply

Your email address will not be published. Required fields are marked *